സഹിഷ്ണുതയുടെ ഓണം,ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഓണാഘോഷം വെളളിയാഴ്ച

0
19

പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇന്ത്യന്‍ കൂട്ടായ്മയായ ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു.വരുന്ന വെള്ളിയാഴ്ചയാണ്,വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.ഷാ‍ർജ എക്സ്പോ സെന്‍ററില്‍  നവംബ‍ർ 15 വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതല്‍, രാത്രി 8 മണിവരെയാണ് സഹിഷ്ണുതയുടെ പൊന്നോണമെന്നപേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്. യുഎഇയുടെ സഹിഷ്ണുതാവർഷമാണ് 2019. ഇതുകൂടി ചേർത്തുവച്ചാണ് ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ 150 ആം ജന്മവാർഷിക ആഘോഷ പരിപാടികളും ഇതോടൊപ്പം നടക്കും.  ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഹൈബി ഈഡൻ എം.പി, കെ.എൻ.എ. ഖാദർ ഉൾപ്പെടെയുള്ള പ്രമുഖർ ആഘോഷത്തിൽ സംബന്ധിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ വിവിധ മത്സരങ്ങളിലെ ജേതാക്കളുടെ കലാപ്രകടനങ്ങളും വേദിയിലെത്തും. രഞ്ജിനി ജോസ് നയിക്കുന്ന ഗാനമേള, കരിന്തലക്കൂട്ടത്തിന്റെ നാടൻപാട്ടുകൾ, പ്രമുഖ സംഘങ്ങളുടെ ഡാൻസ് എന്നിവയും അരങ്ങേറും. പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രയോജനകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ നാല്‍പതാം വർഷം കൂടിയാണ് 2019. അതുകൊണ്ടുതന്നെ, വാർഷിക ആഘോഷത്തിനുളള വേദികൂടിയാകും ഇത്തവണത്തെ ഓണാഘോഷം. 20,000 ത്തോളം പേർക്കുളള ഓണസദ്യയുള്‍പ്പടെ വിപുലമായ ആഘോഷമാണ്, ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കിയിട്ടുളളത്. ഗോള്‍ഡ് കാ‍ർഡ് നേടിയ അംഗങ്ങളെ ചടങ്ങില്‍ ആദരിക്കുമെന്നും സംഘടനയുടെ പ്രസിഡന്‍റായ ഇപി ജോണ്‍സണ്‍ ദുബായില്‍ വാ‍ർത്താസമ്മേളത്തില്‍ പറഞ്ഞു. അംഗങ്ങള്‍ക്കായുളള വെല്‍ഫെയർ സ്കീമിന്‍റെ പണിപ്പുരയിലാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും വ്യവസായ മന്ത്രി ഇപി ജയരാജനോടും സംസാരിച്ചു,എല്ലാ സഹായവും സർക്കാരില്‍ നിന്നുണ്ടാകുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. ഓണാഘോഷ വേദിയിലേക്ക് അസോസിയേഷൻ അംഗങ്ങൾക്ക് പ്രവേശനത്തിനായി പ്രത്യേകം ഗേറ്റ് ഉണ്ടാവും. അംഗങ്ങൾക്കായി പ്രത്യേക സമ്മാനവും വിതരണം ചെയ്യുമെന്ന് ജോൺസൺ അറിയിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഷാ‍ർജ ഇന്ത്യന്‍ സ്കൂള്‍,ഗള്‍ഫ് റോസ് നഴ്സറി, കൂടാതെ അടുത്തിടെ ആരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള അല്‍ ഇബ്റ്റിസമ ഉള്‍പ്പടെ നാല് സ്കൂളുകളും ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ പ്രവർത്തിക്കുന്നു. അംഗങ്ങള്‍ക്കുളള ക്ഷേമ കേന്ദ്രമായും,ജോലി അന്വേഷിച്ചെത്തുന്നവ‍ർക്കും, മറ്റ് രീതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക്  സഹായകേന്ദ്രമായും ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവർത്തിക്കുന്നു. 2500 ലധികം അംഗങ്ങളുളള പ്രവാസ ലോകത്തെ തന്നെ ഏറ്റവും വലിയ സംഘടനകളിലൊന്നാണ് ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍.  അസോസിയേഷൻ ഭാരവാഹികളായ എസ്. മുഹമ്മദ് ജാബിർ, സന്തോഷ് കെ. നായർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മാധവൻ പാടി, ടി.എ. നാസർ, ജാഫർ കണ്ണാട്ട്, ഖാൻ പാറയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here