ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

0
5

ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന ഈ ദിവസത്തിൽ നിരവധി കുരുന്നുകൾ തട്ടത്തിൽ വെച്ച അരിയിൽ ഹരിശ്രീ കുറിക്കുന്നു.

കൊല്ലൂർ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ്, ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്, തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളിലും വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകൾ പുരോഗമിക്കുകയാണ്.

വിദ്യാദേവതയായ സരസ്വതിയെയും അധർമത്തെ തകർത്ത് ധർമം പുനഃസ്ഥാപിക്കുന്ന ശക്തി സ്വരൂപിണി ദുർഗയെയും ഐശ്വര്യദായിനി മഹാലക്ഷ്മിയെയും ഒരുമിച്ച് പൂജിക്കുന്നു. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ചടങ്ങുകൾ ആണ് സംസ്ഥാനത്ത് ഉടനീളമുള്ള ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക രംഗത്തെ നിരവധി ഗുരുക്കന്മാരാണ് വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

നവരാത്രിയുടെ പ്രതീകം സ്ത്രീ ശക്തി ആരാധനയാണ്. പ്രാദേശിക ഭേദങ്ങളുണ്ട് നവരാത്രി ആഘോഷങ്ങൾക്ക്. കേരളത്തിൽ വിദ്യാരംഭം, തമിഴ്‌നാട്ടിൽ കൊലുവെപ്പ്, കർണാടകയിൽ ദസറ, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗാ പൂജ, അസമിൽ കുമാരീ പൂജ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചടങ്ങുകളാണ് രാജ്യത്തുടനീളം.

LEAVE A REPLY

Please enter your comment!
Please enter your name here