ഇന്ത്യയെന്നാല്‍ ആര്‍.എസ്.എസ് അല്ല: സോണിയ ഗാന്ധി

0
11

ഗാന്ധിജയന്തി ദിനത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മഹാത്മാഗാന്ധിയുടെ വാചകങ്ങള്‍ ഉദ്ധരിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വഴി പിന്തുടരുക കടുപ്പമേറിയതാണെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. ഇന്ത്യയെന്നാല്‍ ഗാന്ധിയാണ്. എന്നാല്‍ ചിലര്‍ ആര്‍.എസ്.എസിനെ ഇന്ത്യയുടെ പര്യായമാക്കാനുളള ശ്രമത്തിലാണ്. ഗാന്ധിജിയെ പേര് എടുക്കുക എന്നത് എളുപ്പമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വഴി പിന്തുടരുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാന്‍ ശ്രമിക്കുകയും ഇന്ത്യയെ വഴിതെറ്റിക്കുകയും ചെയ്യുന്നവര്‍ വിജയിക്കില്ല- യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതും മോദി അത് തിരുത്താതിരുന്നതും പരോക്ഷമായി സൂചിപ്പിച്ച് സോണിയ പറഞ്ഞു. ഇന്ത്യയുടെ അടിത്തറയില്‍ തന്നെ ഗാന്ധിജിയുടെ തത്വങ്ങളുണ്ട്.
ഗാന്ധിയെ തഴഞ്ഞ് ആര്‍.എസ്.എസിനെ ഇന്ത്യയുടെ അടയാളമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. നുണയുടെ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധിയെ മനസ്സിലാക്കാന്‍ കഴിയില്ല. സമ്പൂര്‍ണ അധികാരം ആഗ്രഹിക്കുന്നവര്‍ക്ക് ഗാന്ധിജിയെ മനസ്സിലാക്കാന്‍ കഴിയില്ല. കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളാലും മഹാത്മാഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്നും സോണിയ പറഞ്ഞു. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സ്വീകരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അവര്‍ ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, അഹ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഘട്ടിലെ ഗാന്ധിസ്മൃതി മണ്ഡപത്തിലെത്തി ഉപചാരങ്ങളര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here