മഴ തുടരുന്നു വടക്കൻ കേരളം പൂർണമായി വെള്ളത്തിൽ

0
28

വടക്കൻ ജില്ലകളിൽ കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് ‘റെഡ്’ അലർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ട്.
നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപറ്റി. ജില്ലയില്‍ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറി. കൊടിയത്തൂര്‍, മുക്കം, കാരശേരി, മാവൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

* വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധി പേരെ കാണാതായി
* നിലമ്പൂർ പൂർണമായും ഒറ്റപ്പെട്ടു, മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്
* പോത്തുണ്ടി പാലം ഒലിച്ചുപോയി
* സംസ്ഥാനം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്‍റെ സഹായം തേടി
* ഈങ്ങാപ്പുഴയില്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു
* കണ്ണൂർ ശ്രീകണ്ഠാപുരം നഗരം പൂർണമായും വെള്ളത്തില്‍ ഒറ്റപ്പെട്ടു
* അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു
* വയനാട് മുട്ടിൽ മലയിൽ ഉരുൾപൊട്ടൽ ദമ്പതികള്‍ മരിച്ചു
*കോഴിക്കോട് നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി. ആളപായമില്ല.
* താമരശേരി ചുരത്തിലെ രാത്രി ഗതാഗതം നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here