കണ്ണൂരിലെയും കാസര്‍ക്കോട്ടെയും കള്ളവോട്ട്: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി

0
145

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ട സംഭവത്തിൽ കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരോട് റിപ്പോർട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആരോപണം ഏറെ ഗൗരവമുള്ളതാണെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

കാസർകോട് പിലാത്തറ സ്കൂളിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ട് വോട്ട് ചെയ്യുന്നതായും തിരിച്ചറിയൽ കാർഡുകൾ ഒരാൾ കൈമാറുന്നതായും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
എരമം കുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. പഞ്ചായത്ത് അംഗം കൂടിയായ എം പി സലീനയ്ക്ക് പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ ഇവർ പത്തൊമ്പതാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇരുപത്തിനാലാം നമ്പർ ബൂത്തിൽ വോട്ടുള്ള സുമയ്യ ടി പി യും പത്തൊമ്പതാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് പറയുന്നു. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതായും ദൃശ്യത്തിലുണ്ട്. ജനപ്രതിനിധികളുടേയും മുൻ പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിലാണ് കൂട്ട കള്ളവോട്ട് നടന്നതെന്നും ആരോപണമുണ്ട്. ദൃശ്യങ്ങൾ തെളിവാക്കി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം. കൂടുതൽ കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും കോൺഗ്രസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here