രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കാതെ പുറത്തു പൊരിവെയിലത്തു നിർത്തി

0
71

സ്കൂൾ ഫീസ് അടച്ചില്ല എന്ന കാരണത്താൽ കൊച്ചി കരുമാലൂരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കാതെ പുറത്തു പൊരിവെയിലത്തു നിർത്തിയതായി പരാതി. ഒരു വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെറ്റിൽമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് മാനേജ്മെന്റ് നിർദ്ദേശപ്രകാരം പരീക്ഷാഹാളിന് പുറത്തുനിർത്തിയത്. സംഭവത്തെ തുടർന്നു കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ ഉപരോധസമരം നടത്തി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കണക്ക് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളോട് ഈ മാസത്തെ ഫീസ് ആവശ്യപ്പെട്ടു. കൊണ്ടുവരാത്തതിനെ തുടർന്നു പരീക്ഷ എഴുതിക്കാൻ അനുവദിക്കാതെ രണ്ടരമണിക്കൂറോളം കുട്ടികളെ ക്ലാസിനു പുറത്തുനിർത്തുകയായിരുന്നുവെന്നു പറയുന്നു. ഫീസിനത്തിൽ 950 രൂപയാണ് വിദ്യാർത്ഥികൾ നൽകാനുണ്ടായിരുന്നത്. ആലുവ ഡി ഇ ഒ പി വത്സല കുമാരി സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു. ജുവനൈൽ നിയമ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ശിശുക്ഷേമസമിതി അധികൃതർ ആലുവ ജില്ലാ ആശുപത്രിയിലെത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
പലപ്രാവശ്യം വിദ്യാർത്ഥിയുടെ രക്ഷിതാക്കളോട് ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും നൽകാത്തതിനെത്തുടർന്നാണ് അധ്യാപിക കുട്ടികളെ വെയിലിൽ നിത്തിയത്തെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here