കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷം വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. ഇന്നു രാവിലെ പതിനൊന്നു മണിക്ക് കോണ്‍ഗ്രസ്സ് മാധ്യമ വിഭാഗം മേധാവി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നുവെങ്കിലും ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. അതേസമയം സ്വന്തം പ്രചാരണത്തില്‍ നിന്ന് പിന്മാറിയ ടി സിദ്ധിഖ് രാഹുല്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വെഷനുകളില്‍ സജീവമാണ്. വയനാട് സീറ്റിന്റെ അനശ്ചിതത്വം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. വടകര മണ്ഡലത്തില്‍ എ ഐ സി സി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് കേരളത്തിലെ നേതാക്കള്‍ പ്രഖ്യാപനം നടത്തിയതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം മുരളീധരന് പ്രചാരണവുമായി മുന്നോട്ട് പോവട്ടെയെന്ന ഔദ്യോഗിക നിര്‍ദേശവും എ ഐ സി സി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.