‘കാവല്‍ക്കാരാ എന്റെ മകനെവിടെ…?’

0
155

‘കാവല്‍ക്കാരാ എന്റെ മകനെവിടെ…?’ ഇത് വെറുമൊരു വാക്കല്ല. ഒരമ്മയുടെ നെഞ്ചുപൊട്ടിയുള്ള ചോദ്യമാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍വെച്ച് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മയുടെ വാക്കുകളാണിത്. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേം ഭീ ചൗക്കീദാര്‍ എന്ന മുദ്രാവാക്യത്തിന് മറുപടിയായാണ് നജീബിന്റെ ഉമ്മ ഇത് ചോദിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ‘നിങ്ങളുടെ ചൗക്കീദാര്‍ നിങ്ങളെ തലയുയര്‍ത്തിനിന്ന് സേവിക്കുകയാണ്’ എന്നു തുടങ്ങുന്ന കുറിപ്പ് ട്വീറ്റ് ചെയ്തത്. ഇതിനു പുറകെ തന്റെ പേര് മാറ്റി ‘ചൗക്കീദാര്‍ നരേന്ദ്രമോദി’യെന്നാക്കുകയും ചെയ്തു. ഇതിനു മറുപടിയായാണ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് നജീബ് എവിടെയാണെന്ന ഹാഷ് ടാഗോടെ റിട്വീറ്റ് ചെയ്തത്. മോദി കാവല്‍ക്കാര നാണെങ്കില്‍ തന്റെ മകന്‍ എവിടെയാണെന്ന് പറയണം. എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും മൂന്ന് ഉന്നത അന്വേഷണ ഏജന്‍സികളും മകനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത്തെന്തുകൊണ്ടാണെന്നും ഫാത്തിമ ചോദിച്ചു. മൂന്നുവര്‍ഷം മുമ്പാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ വെച്ച് നജീബ് അഹമ്മദിനെ കാണാതാവുന്നത്. സംഭവത്തിനുപിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന ആരോപണമുണ്ടായിരുന്നെങ്കിലും വ്യക്തമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നജീബിനെ കാണാതാകുന്നതിന് മുന്‍പ് എബിവിപി പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനാലാണ് എബിവിപി പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി മാതാവ് ആരോപിച്ചിരുന്നത്. സിബിഐ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിച്ചിട്ടും നജീബ് എവിടെയാണുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. സ്വന്തം മകന്‍ ജീവനോടെയുണ്ടോ എന്ന് പോലും അറിയാത്ത ഒരമ്മയുടെ കണ്ണീരാണ് ആ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here